മുറ്റത്തെ മുല്ലയുടെ അമരക്കാരൻ
മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കിനെ മറ്റു ബാങ്കുകൾക്ക് മാതൃകയാക്കി മാറ്റിയെടുത്ത ബാങ്കിൻ്റെ സ്വന്തം സെക്രട്ടറി എം.പുരുഷോത്തമൻ. മനുഷ്യത്വമുള്ള, നന്മയുള്ള സഹകാരി എന്നു മാത്രമെ അദ്ദേഹത്തെ വിശേഷിപ്പിക്കാനാവൂ, വട്ടിപലിശക്കാരിൽനിന്നും സാധാരണക്കാരെ രക്ഷിച്ചെടുക്കുവാൻ ആവിഷ്‌ക്കരിച്ച 'മുറ്റത്തെ മുല്ല' എന്ന പദ്ധതിയുടെ ശിൽപി. തൻ്റെ സഹജീവികൾക്ക് ജീവിക്കാൻ മെച്ചപ്പെട്ട സാഹചര്യം ഒരുക്കണമെന്ന് കരുതുന്ന അദ്ദേഹത്തിൻ്റെ എല്ലാ ആശയത്തിന് പുറകിലും വലിയൊരു നന്മ നമുക്ക് കാണാനാകും. മണ്ണാർക്കാട് സ്വദേശി കൂടിയായ പുരുഷോത്തമൻ ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു.സഹകരണ രംഗം റിപ്പോർട്ടർ ദേവി ലിജീഷ് നടത്തിയ മുഖാമുഖത്തിൽ നിന്ന്...
- മുറ്റത്തെ മുല്ല എന്ന ലഘു ഗ്രാമീണ വായ്പ പദ്ധതി ഒരു നല്ല കാൽവയ്പായിരുന്നല്ലോ, ഈ ആശയം എങ്ങനെയാണ് ഉരുത്തിരിഞ്ഞത്?
പാലക്കാടിൻ്റെ പടിഞ്ഞാറൻ മേഖലകളിൽ സ്വകാര്യ മൈക്രോ ഫിനാൻസിൻ്റെ കഴുത്തറപ്പൻ പലിശ നൽകാനാവാതെ 6 വ്യക്തികൾ ആത്മഹത്യ ചെയ്ത ദാരുണ സംഭവമുണ്ടായി. കൊള്ള പലിശ ഈടാക്കുന്ന വട്ടിപ്പലിശക്കാരുടെ വളർച്ചയെ തടയുന്നതിനുള്ള ബദൽ മാർഗ്ഗം തേടി ഈ ആശയത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. അന്നുവരെ സാധാരണക്കാരുടെ ചെറുതായ ആവശ്യങ്ങൾക്കുള്ള തുക നൽകാൻ സാധിച്ചിരുന്നില്ല. മൈക്രോ ഫിനാൻസ് മേഖലയിലെ പ്രവേശനം നാട്ടിൻ പുറങ്ങളിലെ നാട്ടു നന്മയെ മുൻനിർത്തി സാധാരണക്കാർക്ക് വീട്ടുമുറ്റത്ത് തന്നെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. കുടുംബശ്രീ മുഖേനയാണ് ഈ തുക നൽകുന്നത്.
- കാർഷികം , വിപണനം ,വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിലെല്ലാം ബാങ്കിൻ്റേതായ ഒരു കൈയ്യൊപ്പ് പതിപ്പിക്കുവാൻ വിവിധ പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഈ പ്രവർത്തനങ്ങൾ ഒരേ പോലെ വിജയിപ്പിച്ചെടുക്കുവാൻ സാധിച്ചത് എങ്ങനെയാണ്?
1989 ൽ സഹകരണ ക്രഡിറ്റ് സൊസൈറ്റിയായി രജിസ്ടർ ചെയ്ത് ഏപ്രിൽ 13 ന് പ്രവർത്തനം ആരംഭിക്കുമ്പോൾ 305 അംഗങ്ങളും 30,000 രൂപയും മാത്രമായിരുന്നു ആസ്തി. ഒരു ലക്ഷം ആസ്തി ശേഖരിക്കാൻ പോലും അന്ന് ബാങ്കിനായില്ല. നിരവധി പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്താണ് ബാങ്ക് ഇന്ന് കാണുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. ആദ്യകാലത്ത് പ്രമോട്ടിങ് അംഗമായിരുന്നു. പിന്നീട് ബാങ്ക് തുടങ്ങിയപ്പോൾ സെക്രട്ടറിയായി. 32 വർഷമായി ബാങ്കിനൊപ്പം എല്ലാ തുടിപ്പുകളും ഏറ്റുവാങ്ങി സഞ്ചരിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും കടന്നു ചെല്ലാൻ സാധിച്ചത് തന്നെ നാട്ടുകാർക്കിടയിൽ സഹകരണ മേഖലയ്ക്ക് ഉള്ള വിശ്വാസ്യത കൊണ്ടാണ്. കൂടാതെ, ഓരോ പദ്ധതികളും ജനങ്ങൾ അവരുടെ സ്വന്തമായി കണ്ടു. ബാങ്കിനോട് ചേർന്ന് തന്നെയായിരുന്നു കാർഷിക ഉൽപന്നങ്ങൾ വിറ്റിരുന്നത്. അതുകൊണ്ടു തന്നെ ജനങ്ങൾക്ക് ബാങ്കിൽ വന്നാൽ ധന ഇടപാടുകൾ മാത്രമല്ല വിപണന സാധ്യതയും ഉണ്ടായി. ബാങ്കുമായി അടുപ്പമുണ്ടാക്കുന്ന ഇത്തരം രീതികൾ പദ്ധതികളുടെ വിജയത്തിന് മുതൽകൂട്ടായി. എനിക്കൊപ്പമുള്ള മികച്ച ഒരു ടീമും പദ്ധതികൾ വിജയിപ്പിച്ചെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.- . കോവിഡ് കാലത്ത് മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്ക് മണ്ണാർക്കാട്ടെ ജനങ്ങൾക്ക് താങ്ങും തണലുമായി മാറുന്ന കാഴ്ച നാം കണ്ടു . എന്തെല്ലാം പ്രവർത്തനങ്ങളാണ് താങ്കളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയത്?
കോവിഡ് കാലത്ത് നാട്ടു ചന്തയുടെ പ്രവർത്തനത്തിനാണ് കൂടുതൽ ശ്രദ്ധ ചെലുത്തിയത്. മായം ചേർക്കാത്ത പച്ചക്കറിയും മത്സ്യമാംസാദികളും ജനങ്ങൾക്ക് പ്രിയമായി. ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. കുടുംബശ്രീ മുഖേന തദ്ദേശീയമായി വളർത്തിയെടുത്ത ഇറച്ചിക്കോഴിയാണ് ഇവിടെ വിൽക്കുന്നത്. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാനുള്ള സൗകര്യമുണ്ട്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇവിടെ നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങളിൽ മായമില്ല. ഒരു സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷ കേന്ദ്രം. കോവിഡ് കാലത്ത് മറ്റിടങ്ങളിൽ പച്ചക്കറികൾക്കും മറ്റുമായി അന്യസംസ്ഥാനങ്ങളിലെ ലോറി വരുന്നത് കാത്തിരുന്നപ്പോൾ മണ്ണാർക്കാട് നിവാസികൾക്ക് പച്ചക്കറിയും മത്സ്യ മാംസാദികളും സുലഭമായിരുന്നു. മഹാമാരിയുടെ സമയത്ത് മറ്റൊരു പ്രവർത്തനം ബാങ്കിൻ്റെ നീതി ലാബിൽ ഒക്ടോബർ 1ന് തന്നെ കോവിഡ് പരിശോധന കേന്ദ്രം ആരംഭിച്ചു എന്നതാണ്. പ്രാരംഭഘട്ടത്തിൽ തന്നെ ആൻ്റിജൻ പരിശോധനയ്ക്ക് മറ്റിടങ്ങളിൽ 950 രൂപ ഈടാക്കിയ സമയത്ത് നമ്മുടെ ലാബിൽ 600 രൂപയ്ക്കാണ് നടത്തിയത്. RTPCR പരിശോധനയ്ക്കും ചെറിയ തുക മാത്രം ഈടാക്കിയാണ് കോവിഡ് മഹാമാരിയിൽ ജനങ്ങൾക്ക് ഒപ്പം നിന്നത്.
- സഹകരണ ബാങ്കുകൾ കൂടുതൽ ജനപ്രിയമാക്കാനും നിലവിലുള്ള പദ്ധതികൾ വ്യാപിപ്പിക്കാനും എന്തെല്ലാം ചെയ്യാൻ സാധിക്കും....?
സഹകരണ മേഖല കാലോചിതമായി മാറണം. ധനമിടപാട് മാത്രമായി ഒതുങ്ങാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം. ബിസിനസിലൂടെ സേവനവും ഉറപ്പാക്കണം. സഹകരണ ബാങ്കുകൾക്ക് അപ്രാപ്യമായ ഒരു മേഖലയും ഇല്ലന്നാണ് ഞാൻ കരുതുന്നത്. കൂടാതെ പല ചൂഷണങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനും ബാങ്കുകൾക്ക് കഴിയും..
- കേരള ബാങ്കിൻ്റെ ആവിർഭാവം സഹകരണ ബാങ്കിനെ എങ്ങനെ സ്വാധീനിക്കുന്നു.?
ജില്ലാ സഹകരണ ബാങ്കുകൾക്ക് കാലോചിതമായി മാറാനുള്ള ഒരവസരമായി ഞാൻ ഇതിനെ കാണുന്നു. ധാരാളം പരിമിതികൾ സഹകരണ ബാങ്കുകൾക്ക് ഉണ്ടായിരുന്നു. കേരള ബാങ്കിലൂടെ ഈ കുറവ് നികത്താൻ കഴിയും. ഗുണപരവും അനിവാര്യവുമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനാകും. കൂടാതെ ആധുനിക ബാങ്കിങ്ങ് സേവനങ്ങൾ ജനങ്ങൾക്ക് നൽകുവാനും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുവാനും സാധിക്കും. ഇപ്പോൾ കേരള ബാങ്ക് അതിൻ്റെ പ്രാഥമിക ഘട്ടത്തിലാണ്.
- സ്ത്രീ ശാക്തീകരണത്തിനുവേണ്ടി കൂടുതൽ പദ്ധതികൾ സഹകരണ മേഖലയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടൊ...?
തീർച്ചയായും. ബാങ്കിൻ്റെ പല പദ്ധതികളിലും ശക്തിയായി നിന്നത് കുടുംബശ്രീയാണ്. ആയിരത്തിലധികം കുടുംബശ്രീ ഗ്രൂപ്പുകൾ ബാങ്കിനു കീഴിൽ ഉണ്ട്. ഒരു വിശ്വസ്തമായ കൂട്ടായ്മയായി ആണ് ഇതിനെ കാണുന്നത്. നിലവിൽ ബാങ്കിൻ്റെ നാട്ടുചന്തയിൽ വിൽക്കുന്ന ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ബാംഗ്ലൂരിൽ നിന്നും വാങ്ങി പാലക്കാട് ഒരു വൈദികൻ്റെ നേതൃത്വത്തിലുള്ള പീപ്പിൾ സർവീസ് സൊസൈറ്റി മുഖേന ഒരു മാസം വളർത്തിയതിനു ശേഷമാണ് കുടുംബശ്രീഗ്രൂപ്പുകൾക്ക് കൈമാറുകയും തുടർന്ന് വളർച്ചയെത്തുമ്പോൾ വിൽക്കുകയും ചെയ്യുന്നത്. കോഴിക്കുഞ്ഞുങ്ങളെ വളർത്തിയെടുക്കലും മാർക്കറ്റിങ്ങും കുടുംബശ്രീയെ നേരിട്ട്മൊത്തമായി ഏൽപിക്കാനുള്ള ഒരു പദ്ധതി ആലോചനയിലുണ്ട്.
സഹകരണ മേഖലയുടെ വികസനം സമൂഹത്തിന്റെ വികസനമാണെന്ന് പറഞ്ഞ അദ്ദേഹം ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പുവരുത്താൻ സഹകരണ പ്രസ്ഥാനത്തിന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. ലോക് ഡൗൺ കാലത്ത് നാം നേരിട്ട ഭക്ഷ്യക്ഷാമ പ്രതിസന്ധി നേരിടാൻ ഓരോ വീട്ടിലും ചെയ്യാൻ കഴിയുന്ന ഒരു പദ്ധതിയുടെ ആശയം അവതരിപ്പിച്ചിട്ടാണ് പുരുഷോത്തമൻ വാക്കുകൾ ഉപസംഹരിച്ചത്. വീട്ടുമുറ്റത്തെ പച്ചക്കറിയും മുട്ടക്കോഴിയും എന്നതുപോലെ ഇറച്ചിക്കോഴിയെയും ഉൾപ്പെടുത്തിയാൽ ഭക്ഷ്യസുരക്ഷയോടൊപ്പം ആരോഗ്യകരമായ ജീവിതവും ഉറപ്പുവരുത്താം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
 (1).png)




Comments (0)
Add a Comment