ദേശീയ സഹകരണ നയം; ആശങ്കയ്ക്കുമപ്പുറം അറിയാന്‍:- അഡ്വ. എം എം മോനായി പ്രതികരിക്കുന്നു



കേരളം ഏറെ ആശങ്കയോടെ ഉറ്റുനോക്കിയിരുന്ന ദേശീയ സഹകരണനയം കഴിഞ്ഞ ദിവസം  കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. എന്നാല്‍ സഹകരണ നയം പുറത്ത് വന്നതോടെ കേരളത്തിന് ആശങ്കയ്ക്കും ആശ്വാസത്തിനും വകയുണ്ടെന്നാണ് സഹകരണമേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കേരളത്തിലെ സഹകാരികള്‍ രൂപപ്പെടുത്തിയെടുത്ത ആശയങ്ങള്‍ രാജ്യമെമ്പാടും നടപ്പാക്കിയെടുക്കാനുള്ള ശ്രമമാണ് സഹകരണ നയം എന്ന് ഒരുകൂട്ടര്‍ അഭിപ്രായപ്പെടുമ്പോള്‍, സഹകരണ നയം ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തെയാണെന്നും ജില്ലാ ബാങ്കുകള്‍ തിരിച്ച് കൊണ്ടുവരുന്നതുള്‍പ്പെടെ കേരളത്തിലെ സഹകരണ മേഖലയില്‍ ഏറെ മാറ്റങ്ങള്‍ അനിവാര്യമാണെന്നുമാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. അതേസമയം സഹകരണം  സംസ്ഥാന വിഷയമായതിനാല്‍ ദേശീയ സഹകരണ നയം ഭരണഘടനാ വിരുദ്ധമാണെന്നും ആരോപണമുണ്ട്. ഇതുതന്നെയാണ് സര്‍ക്കാരിന്റെ നിലപാടും. ദേശീയ സഹകരണ നയത്തെക്കുറിച്ച് മുന്‍ എംഎല്‍എയും എറണാകുളം ജില്ലാ സഹകരണബാങ്ക് പ്രസിഡണ്ടുമായിരുന്ന അഡ്വ. എം എം മോനായി സംസാരിക്കുന്നു. 



ദേശീയ സഹകരണ നയം; കേരളത്തിന് ആശങ്ക വേണോ?

ദേശീയ സഹകരണ നയം നടപ്പായാല്‍ കേരളം നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ നിരവധിയാണ്. എന്നാല്‍ സഹകരണ നയം പൂര്‍ണമായും സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ സംസ്ഥാനത്തിന് മാത്രമേ അതില്‍ നിയമ നിര്‍മാണം സാധ്യമാകൂ എന്ന് എം എം മോനായി വ്യക്തമാക്കുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണത്. സംസ്ഥാന വിഷയമായ ഒരു കാര്യത്തിലാണ് കേന്ദ്രം ഇപ്പോള്‍ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.  ഇന്ത്യയിലെ സഹകരണ മേഖലയ്ക്ക്  രാഷ്ട്രീയമായ വേര്‍തിരിവില്ല. അതുകൊണ്ടു തന്നെ ഒരു സംഘത്തില്‍ അംഗങ്ങള്‍ ആയിരിക്കുന്ന ആളുകള്‍ തന്നെ മറ്റു സംഘങ്ങളിലും അംഗങ്ങളാകുകയും  രണ്ടിടത്തുനിന്നും വായ്പകളെടുക്കുകയും ചെയ്യുന്ന അവസ്ഥയാണ്. സഹകരണ നിയമത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ വരുമ്പോള്‍ ഇതിനെയെല്ലാം നിയന്ത്രക്കാന്‍ റിസര്‍വ്വ് ബാങ്ക് പോലെയോ ഡിഐസിജിസി പോലെയോ ഉള്ള ഒരു കണ്‍ട്രോളിങ് സംവിധാനം ആവശ്യമാണ്. ഇല്ലെങ്കില്‍ അത് വളരെയധികം പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറയുന്നു.

നിലവില്‍ കേരളത്തില്‍ 25000ത്തോളം സഹകരണ സംഘങ്ങള്‍ ഉണ്ട്. ഇനിയും കേന്ദ്ര സഹകരണ നിയമപ്രകാരം സഹകരണ സംഘങ്ങള്‍ രൂപീകരിച്ചാല്‍ അത് ആരോഗ്യകരമാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും തുടര്‍ന്നുണ്ടാകുന്ന മത്സരത്തില്‍  ആരൊക്കെ പിടിച്ചു നില്‍ക്കും എന്നത് നിലവില്‍ പ്രവചനാതീതമാണെന്നും  എം എം മോനായി പറഞ്ഞു. 


കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഗുണമോ?


നമ്മള്‍ക്കെല്ലാവര്‍ക്കും ഒരു അതിര്‍വരമ്പുകള്‍ ഉണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ കേന്ദ്രത്തിന് മാത്രം നിയമം  നടത്താവുന്ന ഏരിയയും സംസ്ഥാനത്തിന് മാത്രം നിയമം നടപ്പാക്കാനാകുന്ന ഏരിയയും ഉണ്ട്. കേന്ദ്ര സഹകരണ നിയമം  സംസ്ഥാനത്തിന്റെ  അധികാര അതിര്‍ത്തിയിലേക്ക് ഉള്ള ഒരു കടന്നുകയറ്റമാണ്. കേന്ദ്ര ഗവണ്‍മെന്റ്  ഫണ്ട് ലഭിക്കുന്നതിനാല്‍ ചില ഗുണങ്ങള്‍ ഉണ്ട് എന്നുമാത്രം. പൊളിറ്റിക്കല്‍ പാര്‍ട്ടിസിപ്പേഷന്‍ സഹകരണ മേഖലയ്ക്ക് ഗുണം ചെയ്യും. പക്ഷെ, പൊളിറ്റിക്കല്‍ ഇന്റര്‍ഫിയറന്‍സ് സഹകരണ മേഖയ്ക്ക് ഗുണം ചെയ്യില്ല. 


സഹകരണ സംഘങ്ങള്‍ വഴിയുള്ള കാര്‍ഷികോത്പന്നങ്ങള്‍ ഭാരത്‌ ബ്രാന്‍ഡിന് കീഴില്‍ 

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി സഹകരണ മേഖലയ്ക്ക് സ്വന്തമായി വ്യവസായ ശ്യംഖല വേണമെന്നതാണ് പുതിയ സഹകരണ നയം. എന്നാല്‍ സ്വാതന്ത്ര്യാനന്തരം നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്ത നാടാണ് നമ്മുടേതെന്നും ഈ പദ്ധതികളും  നിര്‍ദേശങ്ങളും എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നതിലാണ് കാര്യമെന്നും എം എം മോനായി വ്യക്തമാക്കി. സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏറെ വിപണി സാധ്യത കണ്ടെത്താനാവുന്ന നിര്‍ദേശമാണിതെങ്കിലും കര്‍ഷരില്‍ നിന്നും ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച്, സംസ്‌കരിച്ച്, വിപണനം നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കര്‍ഷകര്‍ക്ക് ന്യായമായ വില  ലഭിക്കത്തക്കവിധം  ഉത്പന്നങ്ങള്‍ സംഭരിക്കാനാവണം എന്നതുമാത്രമായിരിക്കണം ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. 


ദേശീയ ഡാറ്റാബേസ് 

ദേശീയ ഡാറ്റാബേസുമായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഡാറ്റാബേസിനെ ബന്ധിപ്പിക്കണം എന്നതാണ് ദേശീയ സഹകരണ നയത്തിലെ മറ്റൊരു  നിര്‍ദേശം. മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിസ് കീഴില്‍ രൂപീകരിക്കപ്പെട്ട ഒരു സംഘത്തിന് ഡാറ്റാബേസ് ഉണ്ടാക്കുകയും അത് ദേശീയ ഡാറ്റാബേസുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ സംഘങ്ങളുടെ ഡാറ്റാബേസ് ബന്ധിപ്പിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ലെന്നും സംസ്ഥാന സര്‍ക്കാരാണ് ഇതില്‍ തീരുമാനം എടുക്കേണ്ടതെന്നും എം എം മോനായി പറഞ്ഞു. ബാങ്കിംഗ് സമ്പ്രദായത്തിലാണ് ജനങ്ങള്‍ക്ക് ഡാറ്റാബേസ് കൊണ്ടുള്ള ഗുണമുണ്ടാവുക.  സഹകരണ സംഘങ്ങള്‍ക്ക് റേറ്റിംഗ് ഇല്ല, എന്നാല്‍ മറ്റു ബാങ്കുകള്‍ക്ക സിബില്‍ റേറ്റിംഗ് ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വായ്പകള്‍ നല്‍കുന്നതും. ഡാറ്റാബേസിന്റെ അടിസ്ഥാനത്തിലാണ് ഇതൊക്കെ തീരുമാനിക്കപ്പെടുന്നത്. ദേശീയ ഡാറ്റാബേസുമായി ബന്ധിപ്പിക്കുമ്പോള്‍ ഈ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് സിബില്‍ സ്‌കോറിന്റെ പ്രശ്നമില്ല. എന്നാല്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ റേറ്റിംഗ് എന്താണെന്നും ഇന്ന് സാധാരണക്കാരുടെ ജീവിതം ദുഷ്‌ക്കരമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here