സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തിരുത്തുക

കോട്ടയം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ ഉപയോഗിച്ച് കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം തിരുത്തണമെന്ന് കോട്ടയത്ത് കേരളാ ബാങ്ക് റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന സഹകാരികളുടെയും ജീവനക്കാരുടെയും സംയുക്ത കൺവെൻഷൻ ആവശ്യപ്പെട്ടു.ഭരണഘടനയുടെ 7 -മത്  ഷെഡ്യൂളിൽ ഉൾപ്പെടുന്ന "സഹകരണം" സംസ്ഥാന വിഷയമായതിനാലാണ് 97-മത്  ഭരണഘടനാ ഭേദഗതിയുടെ പാർട്ട് 9B യുടെ അനുഛേദങ്ങൾ സുപ്രീംകോടതി റദ്ദ് ചെയ്തത്.സഹകരണ മന്ത്രാലയം കേന്ദ്രസർക്കാർ രൂപീകരിച്ചതിനു പിന്നാലെ ബാങ്കിങ് റഗുലേഷൻ ആക്ടിന്റെ ഭേദഗതികളുടെ മറവിൽ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാനാണ് നീക്കം.ഇതിനായി RBI പത്രക്കുറിപ്പ് ഇറക്കിയത് സഹകാരികളിലും നിക്ഷേപകരിലും ഭയാശങ്കകൾ സൃഷ്ടിക്കാൻ വേണ്ടി ബോധപൂർവം ആയിരുന്നു.എന്നാൽ കക്ഷി രാഷ്ട്രീയത്തിനും മറ്റ് വിഭാഗീയതയ്ക്കും അതീതമാണ് കേരളത്തിലെ സഹകരണ മേഖലയുടെ യോജിപ്പും കരുത്തുമെന്നത് ഏവർക്കും അറിവുള്ളതാണ്. ബാങ്ക്,ബാങ്കർ, ബാങ്കിങ് എന്നീ സംജ്ഞകളും ചെക്കും ഉപയോഗിക്കാൻ പാടില്ലെന്ന സർക്കുലറും,C ക്ലാസ്സ് മെമ്പർഷിപ്പ് അഥവാ നോമിനൽ അസോസിയേറ്റ് അംഗങ്ങൾക്ക് നിക്ഷേപം പാടില്ലെന്ന പ്രഖ്യാപനവും ദുരുദ്ദേശപരമാണ്. സംസ്ഥാന സഹകരണ രജിസ്ട്രാറുടെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രാഥമിക കാർഷിക സർവീസ് സഹകരണ ബാങ്കുകൾ വെറും ധനകാര്യ സ്ഥാപനമായ ബാങ്കുകൾ മാത്രമല്ല നാടിന്റെ നാനാ മേഖലകളിലും സർവതല സ്പർശിയായി ഇടപെടുന്ന സ്ഥാപനങ്ങളാണ്.കൂടാതെ നീതി സ്റ്റോറുകൾ,മെഡിക്കൽസ്റ്റോറുകൾ,അഗ്രോഷോപ്പുകൾ,വളക്കടകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ  നടത്തുകയും വിലക്കയറ്റം നിയന്ത്രിക്കാൻ കമ്പോളത്തിൽ ഇടപെട്ട് വരികയും ചെയ്യുന്നു.പ്രളയം,കോവിഡ് മഹാമാരി എന്നീ ദുരന്തങ്ങൾ നമ്മുടെ നാടിനെ വേട്ടയാടിയപ്പോഴും സംസ്ഥാന സർക്കാരിനോടൊപ്പം രക്ഷാകവചമാകാൻ മുന്നിൽ നിന്നത് പ്രാഥമിക സഹകരണ ബാങ്കുകളും കേരളത്തിലെ സഹകരണമേഖലയുമാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിന്റെ ചാലക ശക്തിയായ  സഹകരണ മേഖല എല്ലാ വിധ പ്രതി സന്ധികളെയും അതി ജീവിച്ചാണ് ഇന്നലെകളിൽ വളർന്നു വന്നിട്ടുള്ളത്.മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും,സ്വകാര്യ നിധികൾക്കും ലൈസൻസ് നൽകുന്ന RBI സഹകരണ മേഖലക്കുനേരെ നടത്തുന്ന യുദ്ധ പ്രഖ്യാപനത്തെ രാഷ്ട്രീയമായും,നിയമപരമായും നേരിടുവാൻ കൺവെൻഷൻ തീരുമാനിച്ചു.
പാക്‌സ് അസോസിയേഷൻ(പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിസ്‌ അസോസിയേഷൻ) സഹകരണ ജീവനക്കാരുടെ സംഘടനകളായ കെ സി ഇ യു, കെ സി ഇ എഫ്,  കെ സി ഇ സി എന്നീ സംഘടനകളും ചേർന്നാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. ഡിസംബർ 15 നകം താലൂക്ക് തലത്തിൽ വിപുലമായ കൺവെൻഷനുകളും, ഡിസംബർ 20 നകം ബാങ്ക്തല കൺവെൻഷനുകളും ഡിസംബർ 25 നകം സഹകാരി സമ്പർക്ക പരിപാടി എന്ന നിലയിൽ ലഘുലേഖയുമായി ഭവനസന്ദർശനവും നടത്താൻ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here