എന്റെ ശമ്പളം എന്റെ അവകാശമാണ് , സംഭാവന എന്റെ അധികാരവും... സഹകരണ ജീവനക്കാരന്റെ കുറിപ്പ് ശ്രേദ്ധേയമാകുന്നു.

 സഹകരണ ജീവനക്കാരന്റെ കുറിപ്പ് ശ്രേദ്ധേയമാകുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്സിൻ ചലഞ്ചിന് വേണ്ടി സഹകരണ സ്ഥാപനങ്ങളും സഹകരണ ജീവനക്കാരും സംഭാവന നൽകുന്നതിന് വ്യവസ്ഥകൾ നിശ്ചയിച്ച്   ഏപ്രിൽ 26 നാണ് സഹകരണ രജിസ്ട്രാർ സർക്കുലർ പുറത്തിറക്കിയത്. വായ്പാ സംഘങ്ങളും അപ്പക്സ്  സംഘങ്ങളും ക്ലാസിഫിക്കേഷന്  അനുസൃതമായി കുറഞ്ഞത് 2 ലക്ഷം മുതൽ 5 കോടി രൂപ വരെ സംഭാവന നൽകണമെന്നാണ് സർക്കുലറിൽ പറയുന്നത്. സംഭാവന നൽകാൻ അഭ്യർത്ഥിക്കുക മാത്രമാണ്  ചെയ്തതെന്ന് തൊടുന്യായം പറയാമെങ്കിലും ക്വാട്ട നിശ്ചയിച്ച് അഭ്യർത്ഥന നടത്തുന്നത് നിർബന്ധപൂർവ്വം നടപ്പിലാക്കാൻ തന്നെയാണെന്ന് ആർക്കാണ് അറിയാത്തത്?    രണ്ടു പ്രളയ കാലത്തും, കോവിഡിന്റെ  ഒന്നാം വരവിലും സർക്കാരിനെ ആവോളം സഹായിച്ചവരാണ് സഹകരണസംഘങ്ങൾ. സംഭാവനയും, തൻ വർഷ ലാഭവും,  പൊതുനന്മ ഫണ്ടിലെ ബാക്കി നിൽപ്പും സഹിതം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയവരാണ്  ഭൂരിപക്ഷം സംഘങ്ങളും. എന്നാൽ കോവിഡിന്റെ  വരവിന് ശേഷമുള്ള കഴിഞ്ഞ ഒരു വർഷം സംഘങ്ങൾ ഏറെ പ്രതിസന്ധിയിലായി. ബിസിനസ് കുറഞ്ഞു, കുടിശ്ശിക തോത് കൂടി, തൽഫലമായി ലാഭത്തിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും പോയവർഷം നഷ്ടത്തിലായി. ഈ സാഹചര്യങ്ങളെല്ലാം ബോധ്യമുള്ള സഹകരണ വകുപ്പ് ഇത്തരത്തിലൊരു സർക്കുലർ ഇറക്കി, അത് നടപ്പിലാക്കാൻ ജോയിന്റ്റ്  രജിസ്ട്രാർമാരെ ചുമതലപ്പെടുത്തിയത് ഉചിതമാണോ എന്ന് പരിശോധിക്കണം.ഇത് സംഘങ്ങളുടെ പരമാധികാരത്തിൽ മേലുള്ള കടന്നുകയറ്റമാണ്.സംഘം എത്ര രൂപ സംഭാവന നൽകണമെന്ന് സംഘത്തിന്റെ ഭരണസമിതിയേയും,  പൊതുയോഗത്തേയും  നിഷ്പ്രഭമാക്കി 'ക്വാട്ട' നിശ്ചയിക്കാൻ രജിസ്ട്രാർമാർക്ക് എന്താണ് അവകാശം എന്ന ചോദ്യം ബാക്കിയാവുന്നു.   ജീവനക്കാരുടെ സംഭാവന സംബന്ധിച്ച സർക്കുലർ നിർദ്ദേശം ഇതിലും വിചിത്രമാണ്.സഹകരണ സംഘങ്ങളിലെ ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളം ഏപ്രിൽ-മെയ് മാസങ്ങളിലായി നൽകണമെന്ന് സർക്കുലർ പറയുന്നു. ദുരിത കാലത്ത് സർക്കാരിനൊപ്പം നിന്നവർ  തന്നെയാണ് സഹകരണ ജീവനക്കാർ. ദുരന്ത ഘട്ടങ്ങളിൽ  ഒരു മാസത്തെ ശമ്പളം സംഭാവന നൽകുകയും,ജോലി കഴിഞ്ഞുള്ള സമയം സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തവരാണ് ഞങ്ങൾ.മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിനേയും സഹകരണ ജീവനക്കാർ. ഏറ്റെടുത്തു കഴിഞ്ഞു.എന്നാൽ സർക്കുലർ ഇറക്കിയവരോട് ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കഴിയുന്നില്ല.     എന്റെ അധ്വാനത്തിന്റെ, വിയർപ്പിന്റെ  വിലയാണ് എന്റെ ശമ്പളം. അതിൽ നിന്നും എത്ര രൂപ സംഭാവന നൽകണമെന്ന് നിശ്ചയിക്കാനുള്ള അധികാരം എനിക്ക് തന്നെയാണ്.അതിൽ കടന്നു കയറുവാനുള്ള എന്ത് അധികാരമാണ്  രജിസ്ട്രാർക്കുള്ളത്?  ചിലപ്പോൾ ഞാൻ ഒരു മാസത്തെ തുക സംഭാവന ചെയ്യും,അതിന്റെ വ്യക്തിസ്വാതന്ത്ര്യം ആണ്.കോവിഡിന്റെ  ഒന്നാംഘട്ടത്തിൽ സർക്കാർ ജീവനക്കാർ നൽകിയ ഒരു ഈ മാസത്തെ ശമ്പളം അവർക്ക് സർക്കാർ തിരികെ നൽകാൻ തീരുമാനിച്ചു. സഹകരണ ജീവനക്കാരുടേത്  സംഭാവനയായി കണക്കാക്കി. ഞങ്ങൾക്ക് അതിൽ പരാതിയില്ല, സന്തോഷവും അഭിമാനവും മാത്രമേയുള്ളൂ. മഹാമാരി കാലത്ത് ഭൂരിപക്ഷം ദിവസവും വീട്ടിലിരുന്ന് മുടങ്ങാതെ ശമ്പളം വാങ്ങിയ കൂട്ടത്തിൽപ്പെട്ടവരല്ല ഞങ്ങൾ. ഒരു ദിവസം പോലും സ്ഥാപനം അടച്ചിടാതെ ജോലി ചെയ്ത്  ശമ്പളം വാങ്ങിയവരാണ് ഞങ്ങൾ.    മാത്രമല്ല ഞങ്ങളോട് സംഭാവന ആവശ്യപ്പെടാനുള്ള എന്ത് ധാർമികതയാണ് സഹകരണവകുപ്പിനുള്ളത്? എന്തു കരുതലാണ് ഈ കോവിഡ് കാലത്ത് നിങ്ങൾ ഞങ്ങൾക്ക് നൽകിയത്? ബാങ്കുകളും, സർക്കാർ ഓഫീസുകളും, സ്വകാര്യസ്ഥാപനങ്ങളും വരെ സമയ ക്രമീകരണവും, ജീവനക്കാരുടെ ക്രമീകരണവും, വരുത്തിയപ്പോൾ സഹകരണ ജീവനക്കാരും മനുഷ്യരാണെന്ന് നിങ്ങൾ മറന്നു പോയി.എല്ലാം തീരുമാനിക്കാനുള്ള അധികാരം ഭരണ സമിതികൾക്ക് നൽകി നിങ്ങൾ  തടിതപ്പി.  ദിവസവും നൂറുകണക്കിന് ഇടപാടുകാരുമായി സമ്പർക്കമുള്ള  ഞങ്ങൾക്ക് വാക്സിൻ എടുക്കുന്നതിനുള്ള മുൻഗണന പോലും നിങ്ങൾ നിഷേധിച്ചു.     ശമ്പളപരിഷ്കരണം ഒക്കെ നടപ്പിലാക്കിയത് അല്ലേ,രണ്ടു ദിവസത്തെ ശമ്പളം നൽകുന്നതിനോട് ഇത്തരം സമീപനം സ്വീകരിക്കേണ്ടതുണ്ടോ എന്ന മറുചോദ്യം ഉണ്ടാകാം. സംഭാവന നൽകുന്നതിനോടല്ല  വിയോജിപ്പ്,അത്  നടപ്പിലാക്കുന്ന രീതിയോടാണ്. കോവിഡിന്റെ  രണ്ടാംവരവിൽ സംഭാവന പിരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല എന്നതാണ് വാസ്തവം. വാക്സിൻ ചലഞ്ച് ജനങ്ങൾ സ്വമേധയാ ഉയർത്തിക്കൊണ്ടുവന്ന ക്യാമ്പയിൻ ആണ്.അതിനെ നിർബന്ധിത പിരിവാക്കി മാറ്റിയത് സഹകരണ വകുപ്പാണ്.ഞങ്ങളിൽ നിന്നും നിർബന്ധിത പിരിവ് നടത്താൻ സഹകരണ വകുപ്പിലെ മേലധികാരികൾക്ക് ലേശം ഉളുപ്പ് ഉണ്ടാകും.കാരണം ഇവരാരും ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയിട്ടില്ല.നൽകിയ പണം തിരികെ വാങ്ങുകയാണ്. അവർക്ക് എങ്ങനെയാണ് ഞങ്ങളോട് പണം ചോദിക്കാൻ കഴിയുക?       സഹകരണ സംഘങ്ങൾ ഭരണാധികാരികൾക്ക് എന്നും പുഞ്ചപ്പാടം ആണ്. വിളവെടുത്ത്  വിളവെടുത്ത്  അവസാനം വിത്തില്ലാതെ വരരുത്.  സർക്കാരിനു മുന്നിൽ ചിലർക്ക് നല്ലപിള്ള' യാകാനും, സ്ഥാനമുറപ്പിക്കാനും  സംഘങ്ങളെ ഇങ്ങനെ ബലിയാടാക്കരുത്..
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here