മലബാറിന്റെ പെരുമയുയര്ത്തി അഞ്ചരക്കണ്ടി ഫാർമേഴ്‌സ് ബാങ്ക്
മലബാർ മേഖല മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലയളവിലാണ് അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സഹകരണ സംഘത്തിന്റെ തുടക്കം .ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കറുപ്പത്തോട്ടത്തിന്റെ ഉടമയായിരുന്ന ആർ .എ .ബ്രൗൺ എന്ന സായിപ്പാണ് ഇതിനു നാന്ദി കുറിച്ചത് .അഞ്ചരക്കണ്ടി കടം വായ്‌പ്പാ സഹകരണ സംഘം എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന ഈ സ്‌ഥാപനം 37 വർഷത്തെ പ്രവർത്തനത്തിന് ശേഷം 1950 ൽ വിവിധോദ്ദേശ്യ ഐക്യ നാണയ സംഘം എന്ന പേര് സ്വീകരിക്കുകയും 1959 ൽ ലാർജ് സൈസ് പ്രൈമറി കോ -ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ സൊസൈറ്റിയായി മാറുകയും ചെയ്തു .1961 ൽ അഞ്ചരക്കണ്ടി സർവീസ് സഹകരണ ബാങ്ക് ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .സംസ്ഥാനത്തു നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സഹകരണ ബാങ്കുകളെ തിരഞ്ഞെടുത്ത് ഫാർമേഴ്‌സ് ബാങ്കുകളാക്കി മാറ്റിയപ്പോൾ അഞ്ചരക്കണ്ടി സർവീസ് സഹകരണ ബാങ്കായിരുന്നു ഒന്നാമത് .അങ്ങനെ 1977 ഏപ്രിൽ ഒന്നു മുതൽ പേര് വീണ്ടും മാറി " അഞ്ചരക്കണ്ടി സർവീസ് സഹകരണ ബാങ്ക് "എന്നായി .അഞ്ചരക്കണ്ടി ബാങ്കിൽ നിലവിൽ 13567 എ ക്ലാസ് മെമ്പർമാരും 34457 ഡി ക്ലാസ് മെമ്പർമാരും ഉണ്ട് .295 ലക്ഷം ഓഹരി മൂലധനവും 258 കോടി രൂപ നിക്ഷേപവും 203 കോടി രൂപ വായ്പ്പാ നീക്കിയിരിപ്പുമുള്ള ബാങ്ക് ക്ലാസ് വൺ സൂപ്പർ ഗ്രേഡ് പദവിയിൽ കുതിക്കുകയാണ് .അഞ്ചരക്കണ്ടി കാവിൻമൂലയിലെ ബാങ്കിന്റെ നാല് നിലകളുള്ള ഹെഡ് ഓഫീസിൽ അത്യാധുനിക ബാങ്കിങ് സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട് .മെയിൻ ബ്രാഞ്ച് ,സഹകാരി വസ്ത്രാലയം ,സൂപ്പർമാർക്കറ്റ് ,എൽ .പി .ജി വിതരണ ഏജൻസി ,വളം ഡെപ്പോ ,നീതി മെഡിക്കൽ സ്റ്റോർ എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു .കര്ഷകരെ സഹായിക്കുന്നതിനായി ബാങ്ക് ആരംഭിച്ച കോക്കനട്ട് പ്രോസസിംഗ് കോംപ്ലക്സ് ഇന്ന് കണ്ണൂരിന്റെ അഭിമാനമാണ് .വെളിച്ചണ്ണക്ക് പുറമെ വെർജിൻ കോക്കനട്ട് ഓയിൽ ,തേങ്ങാപാൽ ,വിളക്കെണ്ണ ,മൂന്നുതരം ടോയ്‌ലറ്റ് സോപ്പ് എന്നിവയും സഹകാരി ലേബലിൽ വിപണിയിൽ ഇറക്കുന്നുണ്ട് .കർഷകർക്ക് എല്ലാ സഹായവും എത്തിക്കാൻ കർഷക സേവന കേന്ദ്രവും നഴ്സറിയും ബാങ്ക് ഒരുക്കിയിട്ടുണ്ട് .മിതമായ നിരക്കിൽ കർഷകർക്ക് വളം എത്തിക്കാൻ വിവിധയിടങ്ങളിൽ വളം വില്പന കേന്ദ്രവും ബാങ്ക് ഒരുക്കിയിട്ടുണ്ട് .എഫ് .എ .സി .ടി യുടെ വളം വില്പനക്കുള്ള പുരസ്‌കാരം നിരവധി തവണ ബാങ്ക് ഏറ്റുവാങ്ങിയിട്ടുണ്ട് .ബാങ്കിന്റെ നേതൃത്വത്തിലുള്ള സഹകാരി മെഡിക്കൽ യുണിറ്റ് ,ക്ലിനിക്ക് എന്നിവ നൂറുകണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമാണ് .പ്രവർത്തനം സുഗമമാക്കാനും സേവനം എല്ലാ വിഭാഗം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും കാവിന്മൂല ( മെയിൻ ബ്രാഞ്ച് )മുഴപ്പാല ,കുഴിമ്പലോട് ,ചൂല,താഴെ കാവിന്മൂല ,പാളയം ,തട്ടാരിപ്പാലം ,പനയത്താംപറമ്പ് ,എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും പ്രവർത്തിക്കുന്നു .
അതാതു കാലത്തെ ഭരണ സമിതികളുടെ അർപ്പണബോധത്തോടെയുള്ള കഠിനാധ്വാനം അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സഹകരണബാങ്കിനെ സഹകരണത്തിന്റെ കരുത്തായി അടയാളപ്പെടുത്തി കഴിഞ്ഞിരിക്കുന്നു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment