കോവിഡിനെ തോൽപ്പിക്കാൻ പടയൊരുക്കി പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131 

നാടിന്റെ സാമൂഹിക, കാർഷിക, സാമ്പത്തിക വികസനത്തിന്‌ ചുക്കാൻ പിടിക്കുന്ന പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131 കോവിഡ് എന്ന മഹാമാരിയുടെ ദുരിതനാളുകളിലും കാരുണ്യത്തിന്റെ വടവൃക്ഷമായി  നാട്ടുകാർക്ക് രക്ഷാകവചമൊരുക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായും  കോവിഡിന്റെ ആഘാതത്തിൽ തളർന്നുപോയ ജീവിതങ്ങൾക്ക് ആശ്വാസം പകർന്നും  നാടിനെ ചേർത്തുപിടിക്കുകയാണ് ബാങ്ക്.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം 'ആതുര' എന്ന പദ്ധതിയിലൂടെ സാന്ത്വനസ്പർശമായി ഓരോ വീടുകളിലും ചെന്നെത്തുകയാണ് ബാങ്ക്. ആതുരയിൽ ആരംഭിച്ച മൊബൈൽ കോവിഡ് കെയർ യൂണിറ്റിൽ ഒരു സ്റ്റാഫ് നേഴ്സിന്റെ സേവനം കോവിഡ് ബാധിതർക്ക്  ലഭിക്കുന്നതാണ്. അടിയന്തിര ഘട്ടങ്ങളിൽ  സ്റ്റാഫ് നേഴ്സ്  വീടുകളിൽ വന്ന്   രോഗിയുടെ പ്രാഥമിക  പരിശോധന നടത്തുകയും ആവശ്യമെങ്കിൽ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുന്നതുമാണ്.  
ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള  വടക്കേക്കര, ചിറ്റാറ്റുകര   പഞ്ചായത്തുകളിൽ രാവിലെ ഒമ്പത്  മണി മുതൽ രാത്രി ഒമ്പത് മണിവരെ  കോവിഡ് കെയർ യൂണിറ്റിന്റെ സേവനം ലഭ്യമാണ്. പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മൊബൈൽ കെയർ പദ്ധതി പ്രാവർത്തികമാക്കിയിട്ടുള്ളത്.  ആര്‍.ടി.പി.സി.ആര്‍ പരിശോധന തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും  ഇപ്പോൾ  രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീടുകളിലെത്തി ഗവർമെന്റ് അംഗീകരിച്ച നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യവും  ഒരുക്കിക്കഴിഞ്ഞു. ഇതിനായി പ്രത്യേക വാഹനവും ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് പരിതിയിലുള്ള പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും ഈ ലഭിക്കും. രോഗികളെ ആശുപത്രിയിലെത്തിക്കാനും രോഗികള്‍ക്ക് മരുന്നെത്തിക്കാനുമുള്ള കോവിഡ് ഹെല്‍പ് ലൈനും ഏതു സമയത്തും സഹായത്തിനായി വിളിക്കാവുന്ന ഹെൽപ് ഡെസ്‌ക്കും ആരംഭിച്ചിട്ടുണ്ട്. 

 ലോക്ക് ഡൗൺ സമയത്ത്   വാഹനമില്ലാത്തവർക്ക് വാഹന  സൗകര്യവും ആംബുലൻസ് സഹായവും  ആതുരയിലൂടെ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനു  പുറമെ  കോവിഡ്‌ ബാധിതരായ കുടുംബങ്ങൾക്ക് മരുന്നും  ശുചീകരണ ഉത്പന്നങ്ങൾ അടങ്ങുന്ന കിറ്റും വീടുകളിൽ എത്തിച്ചു കൊടുക്കുന്നു.
ലോക് ഡൌൺ സാധാരണ ജീവിതം താറുമാറാക്കിയ സാഹചര്യത്തിൽ സാമ്പത്തികമായും ശാരീരികമായും  ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങൾക്കും മുതിർന്ന പൗരന്മാർക്കും കനിവിന്റെ കൈത്താങ്ങാവുകയും ചെയ്യുന്നു ബാങ്ക്. കാൻസർ ബാധിതരായ  അംഗങ്ങൾ, ഡയാലിസിസിന് വിധേയമാകുന്നവർ, ഭിന്നശേഷിയുള്ളവർ  ഉള്ള അംഗങ്ങളുടെ കുടുംബങ്ങൾ, ബൈപ്പാസ് സർജറി ചെയ്തിട്ടുള്ള അംഗങ്ങൾ, കിടപ്പു രോഗികൾ, മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ച അംഗങ്ങൾ എന്നിവർക്ക്  ഒരു മാസത്തേക്ക്  സൗജന്യ മരുന്നും അവശ്യവസ്തുക്കളും നൽകുന്നതോടൊപ്പം  സൗജന്യമായി ലാബ് ടെസ്റ്റ് നടത്താനും ആവശ്യമെങ്കിൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കിയും ബാങ്ക്  അവർക്കൊപ്പം ചേർന്നു നിൽക്കുന്നു. 
ബാങ്കിന്റെ പെൻഷന് അർഹരായ മുതിർന്ന അംഗങ്ങൾക്കുള്ള സഹായവും വീടുകളിൽ എത്തിച്ചു കൊടുക്കുന്നതിനുള്ള നടപടികളും  ആരംഭിച്ചു കഴിഞ്ഞു. ഇവർക്ക് കരുതലിന്റെ  അടയാളമായി പെൻഷനൊപ്പം ഫ്ലാസ്ക്കും വിതരണം ചെയ്യുന്നുണ്ട്.  കോവിഡിന്റെ പശ്ചാതലത്തിൽ അംഗങ്ങളുടെ വിധവകൾക്ക് മക്കളുടെ പഠനത്തിനുവേണ്ടി സ്വാന്തനം പദ്ധതിയിൽ സ്‍മാർട് ഫോണും അധ്യയന വർഷം തുടങ്ങുന്നതിനു മുൻപ് വിതരണം ചെയ്യും.
സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്കിന്റെ ഇരുപതു ലക്ഷവും ജീവനക്കാരുടെ വിഹിതമായ അറുപതിനായിരത്തി അഞ്ഞുറ്റി പതിനെട്ട് രൂപയടക്കം 2060518 രൂപയാണ് ബാങ്ക് കൈമാറിയത്. ചിറ്റാട്ടുകര, വടക്കേക്കര പഞ്ചായത്തുകളിലെ കോവിഡ് കെയർ സെന്ററിലേക്കും  പ്രതിരോധ  പ്രവർത്തകരായ ആശാ വർക്കർമാർക്കും ഇ.ആർ.ടി.വളണ്ടിയർമാർക്കും  ആവശ്യമായ ഫെയ്സ് ഷീൽഡ്, പിപിഇ കിറ്റുകള്‍, മാസ്ക്, സാനിറ്റൈസർ,  ഗ്ലൗസ് എന്നിവയും വിതരണം ചെയ്തു. 
ചിറ്റാട്ടുകര പഞ്ചായത്തിന്റെ സാമൂഹിക അടുക്കള ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. വടക്കേക്കര പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് ആവശ്യമായ സാമ്പത്തിക സഹായവും ചെയ്തു കൊടുക്കുന്നു. ഇതിനു പുറമെ പറവൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള  മൂത്തകുന്നം  കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനുവേണ്ടി  ഒരേ സമയം 35 പേർക്ക് ഓക്സിജൻ നൽകാൻ സൗകര്യമുള്ള കെട്ടിടത്തിനാവശ്യമായ ഒന്നര ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ബാങ്കാണ് നൽകിയത്. 
പ്രവർത്തനങ്ങൾക്ക് രാപകലില്ലാതെ നേതൃത്വം നൽകി ബാങ്ക്  പ്രസിഡൻറ് എ.ബി. മനോജിനൊപ്പം ഭരണസമിതി അംഗങ്ങളും സെക്രട്ടറി കെ.എസ്. ജെയ്‌സിയും ജീവനക്കാരും സദാ കർമനിർതരാണ്‌. സുഭിക്ഷ കേരളം പദ്ധതിയിൽ നെല്ലും പച്ചക്കറിയും ഉൾപ്പെടെയുള്ള കൃഷിയിലൂടെ കോവിഡ് കശക്കിയെറിഞ്ഞ  നാടിന്റെ ജീവ സ്‌പന്ദനം വീണ്ടെടുക്കാനുള്ള മുന്നൊരുക്കത്തിലാണ്  പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് 3131.

ആര്‍.ടി.പി.സി.ആര്‍  ടെസ്റ്റ്  ( സഹകരണ ലാബ്): 9497026255
ആംബുലൻസ്  : 9495069239
കോവിഡ് ഹെൽപ് ലൈൻ : 6238060977, 9383454689
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here