വൈവിധ്യവത്ക്കരണത്തിന്റെ വേറിട്ട മാതൃക; ക്രിമറ്റോറിയം പദ്ധതിയുമായി പുഴവാത് സഹകരണ ബാങ്ക്

ഓരോ മനുഷ്യരുടെയും  ജീവിതകാലയളവില്‍ ഒട്ടേറെ സേവനങ്ങള്‍ ബാങ്കുകള്‍ നല്‍കാറുണ്ട്. എന്നാല്‍ മരണശേഷമോ?

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പുഴവാത് സര്‍വീസ് സഹകരണ ബാങ്കിന് ഉത്തരമുണ്ട്.  നാട്ടിലെ സാധാരണക്കാരന് താങ്ങും തണലുമായി നിലകൊള്ളുന്ന ബാങ്ക്  ക്രിമറ്റോറിയം സംവിധാനം ഒരുക്കിയാണ് വേറിട്ട മാതൃകയായത്. സഹകരണമേഖലയിലെ ആദ്യ ക്രിമറ്റോറിയം പദ്ധതിയാണ് പുഴവാത് ബാങ്കിലേത്.  വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷിക, വ്യവസായ മേഖലകളില്‍ ഒക്കെ സഹകരണ ബാങ്കുകള്‍ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു മേഖലയിലേക്ക് കടന്നു വരുന്നത് ആദ്യമായാണെന്ന പ്രത്യേകതയും ഉണ്ട്. 

ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി പരിധിയിലാണ് പുഴവാത് സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. സമീപപ്രദേശങ്ങളില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനായി പൊതുശ്മശാനമോ മറ്റു സൗകര്യങ്ങളോ ഇല്ല. ഇത് മനസ്സിലാക്കിയാണ് എന്നും സാധാരണക്കാര്‍ക്ക് ഒപ്പം നിന്നിരുന്ന ബാങ്ക് ക്രിമറ്റോറിയം എന്ന ആശയത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ നാട്ടിലെ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നുണ്ട് ബാങ്കിന്റെ ഈ പദ്ധതി. 


ക്രിമറ്റോറിയം സേവനം ആവശ്യമുള്ളവര്‍ക്ക്, അവര്‍ പറയുന്ന ഇടങ്ങളില്‍ എത്തി സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയാണ് രീതി.   രണ്ട് ജീവനക്കാരെയും ബാങ്ക് ഇതിനായി നിയോഗിച്ചിട്ടുണ്ട്. അത്യാധുനിക രീതിയില്‍ ഗ്യാസ് ഉപയോഗിച്ചാണ് സംസ്‌കാരം നടത്തുന്നത്.  ഇതിന് അധികം വിറക് ആവശ്യമില്ല എന്നത്  മാത്രമല്ല, സാധാരണ ചിതയില്‍ ദഹിപ്പിക്കുന്നതുപോലെ അമിതമായ പുകയും  അന്തരീക്ഷ മലിനീകരണവും ഇല്ല എന്നതും പ്രത്യേകതയാണ്.  ഒരു ശവസംസ്‌കാര ചടങ്ങിന് 6500 രൂപയാണ് ഈടാക്കുന്നത്.  ഇതിനുപുറമേ മൊബൈല്‍ മോര്‍ച്ചറി സംവിധാനവും ബാങ്കിനുണ്ട്. ക്രിമറ്റോറിയവും അനുബന്ധ സംവിധാനങ്ങളും ഒക്കെ സൂക്ഷിക്കുന്നതിനായി ബാങ്കിന് സ്വന്തമായി കെട്ടിടമുണ്ട്.  വാഹന സൗകര്യവും ഒരുക്കിയിരിക്കുന്നു.  ക്രിമറ്റോറിയം, മൊബൈല്‍ മോര്‍ച്ചറി  എന്നിവയ്ക്കായി 3.45 ലക്ഷമാണ് ചിലവ്. 

മരണാനന്തര ചടങ്ങുകള്‍ക്ക് മറ്റും വരുന്ന ചിലവുകള്‍ പലപ്പോഴും സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ്. ഇത് മുന്നില്‍ക്കണ്ടാണ് കുറഞ്ഞചെലവില്‍ ശവദാഹത്തിനുള്ള  സംവിധാനമൊരുക്കി പുഴവാത് സര്‍വീസ് സഹകരണ ബാങ്ക് ഈ മേഖലയിലേക്ക് കടന്നുവന്നത്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here