സഹകരണ ബാങ്ക് 'ലിമിറ്റഡ് നമ്പർ. 1' ദാ ഇവിടെയുണ്ട് ....

കേരളത്തിലെ സഹകരണ ബാങ്കുകളിൽ ഒന്നാം നമ്പറുകാരൻ ആരെന്ന ചോദ്യത്തിന്റെ ഉത്തരം ദാ ഇവിടെയുണ്ട് , എറണാകുളം ജില്ലയിലെ എടവനക്കാട് സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ. 1 !. ഈ പേരിൽ തന്നെയുണ്ട് ഉത്തരം. ഇന്ന് ജൂലൈ 2  അന്താരാഷ്ട്ര സഹകരണ ദിനം ആചരിക്കുമ്പോൾ  കേരള സഹകരണ ചരിത്രത്തിലെ ഈ ആദ്യ സ്ഥാപനത്തെ വിസ്മരിക്കാനാകില്ല .  
108 വർഷത്തെ  പാരമ്പര്യവും പ്രവർത്തന പാഠവവും അവകാശപ്പെടാനാവുന്ന ബാങ്ക്  സഹകരണ രംഗത്ത് 'വിശ്വാസം' എന്ന വാക്ക് അന്വർത്ഥമാക്കിക്കൊണ്ട് ഇന്നും നിലനിൽക്കുന്നു എന്നത് ചരിത്രം. 1914 ൽ പരസ്പര സഹായക സമാജമായി രജിസ്റ്റർ ചെയ്യപ്പെട്ട സംഘത്തിന്റെ ആശയത്തിന് പുറകിലുള്ളത്  ഗ്രാമീണ കൂട്ടായ്മയുടെ ചരിത്രമാണ്.  19 ാം നൂറ്റാണ്ടിന്റെ അവസാന കാലം വരെയും ഇന്ത്യയിലെ ഒട്ടു മിക്ക ഗ്രാമങ്ങളെയും കൊടിയ ദാരിദ്ര്യമാണ് വേട്ടയാടിയിരുന്നത്. ഒരു ഘട്ടത്തിൽ, ഗ്രാമീണ സമ്പത്ഘടനയുടെ പുനഃസംഘടനയ്ക്കും കാർഷിക മേഖലയിലെ പ്രശ്നപരിഹാരത്തിനും ബ്രിട്ടീഷ് ഭരണകൂടം ആലോചന തുടങ്ങി. അക്കാലത്ത് ഇന്ത്യയിലും  കേരളത്തിലും പരസ്പരം സഹായിച്ചു കൊണ്ടിരുന്ന സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. ഗ്രാമീണർ കൂട്ടം കൂടുകയും അവരിൽ നിന്നും സ്വരൂപിക്കുന്ന തുക കൂട്ടത്തിൽ ഒരാൾക്ക് നൽകുകയുമായിരുന്നു ഈ സംഘങ്ങളുടെ പ്രവർത്തനരീതി. ഇവരുടെ രീതി പഠിച്ച സർ. ഫ്രഡറിക് നിക്കോൾസൺ  എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ഇന്ത്യയിൽ റയീഫീസൺ മാതൃകയിൽ ഗ്രാമീണരുടെ കൂട്ടായ്മകൾ ഉണ്ടാക്കാൻ നിർദ്ദേശിച്ചു. ലോകമാകെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ച തുടങ്ങിയപ്പോൾ1904-ൽ ഇന്ത്യയിലും പരസ്പര സഹായ സഹകരണ നിയമം പ്രാബല്യത്തിൽ വന്നു. ഇങ്ങനെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സഹായ സഹകരണ സംഘങ്ങൾ മുള പൊട്ടിതുടങ്ങി. ഇവിടെ കേരളത്തിലേക്കെത്തുമ്പോൾ, സംസ്ഥാനം രൂപപ്പെടുന്നതിനു മുൻപ് 1913ലാണ് കൊച്ചി രാജ്യത്ത് ആദ്യത്തെ സഹകരണ റെഗുലേഷൻ ആക്ട് നിലവിൽ വരുന്നത്. അന്ന് ദിവാൻ പേഷ്കാരായിരുന്ന എടക്കുന്നി വാരിയത്ത്  ഇക്കണ്ടവാര്യർ ഔദ്യോഗിക ആവശ്യങ്ങൾക്കായി എടവനക്കാട് സന്ദർശിക്കാറുണ്ടായിരുന്നു.  ഇതുവഴി ജനങ്ങൾക്ക് അദ്ദേഹവുമായി ഉണ്ടായിരുന്ന സൗഹൃദമാണ് ആദ്യ സഹകരണ സംഘത്തിന് എടവനക്കാട് ഇടമായത്. എടവനക്കാട്ടെ പ്രമുഖ കുടുംബങ്ങളിലൊന്നായ വലിയ വീട്ടിൽ അബ്ദുൾ അസീസിന്റെ ബംഗ്ലാവിൽ മത വർഗ വ്യത്യാസമില്ലാതെ, വിവിധ തൊഴിൽ ചെയ്യുന്ന, 20 മുതൽ 70 വരെ പ്രായമുള്ള 73 പേർ ഒത്തുകൂടിയ ചർച്ചയിലാണ് ആദ്യ സഹകരണ സംഘമെന്ന ആശയത്തിന്റെ ഉദയം. അങ്ങനെ 1914 ജൂൺ 13 ന്   ഇക്കണ്ട വാര്യർ ഒന്നാം നമ്പർ അംഗവും ആദ്യ പ്രസിഡന്റുമായും അബ്ദുൾ അസീസ് രണ്ടാം നമ്പർ അംഗവും ആദ്യ സെക്രട്ടറിയുമായി ഒന്നാം നമ്പർ പരസ്പര സഹായിക സമാജം രജിസ്റ്റർ ചെയ്തു കൊണ്ട്  കർമ്മപഥത്തിലേക്ക് കാലെടുത്തു വച്ചു. പിന്നീട് കാലഘട്ടത്തിനനുസരിച്ച് സംഘമായും എടവനക്കാട് റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്കായും ഇന്ന് കാണുന്ന സർവ്വീസ് സഹകരണ ബാങ്കായും  മാറി.



നൂറ് വർഷം പിന്നിട്ട ബാങ്കിന്റെ യാത്രയിൽ 47 ഭരണ സമിതികളിലായി 19 പ്രസിഡന്റുമാരും 106 അംഗങ്ങളും ഒപ്പം 11 മുഖ്യ ജീവനക്കാരും സഹയാത്രികരായി.
നിയമ വഴിയിലൂടെ ഭരണസമിതിയിൽ പിന്നോക്ക വിഭാഗങ്ങളെയും സ്ത്രീകളെയും ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നതിന് 29 വർഷം മുമ്പ് തന്നെ ചിരട്ട പുരക്കൽ ചെറു കണ്ടൻ അയ്യപ്പനേയും കെ.എസ് കൗസല്യയേയും ഭരണ സമിതിയിൽ ഉൾപ്പെടുത്തി ജനാധിപത്യം അർത്ഥപൂർണ്ണമാക്കി ബാങ്ക്.
നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി നാനാ മേഖലകളിലും ഇടപെട്ടാണ് സംഘം വളർന്നത്. ആശുപത്രി, സ്കൂളുകൾ എന്നിവയ്ക്ക് പ്രവർത്തനോപകരണങ്ങൾ, ന്യായവിലക്ക് ഭക്ഷ്യധാന്യം എന്നിവയുടെ വിതരണം മറ്റ് സാമ്പത്തിക സഹായങ്ങളുമെല്ലാം ചരിത്രം രേഖപ്പെടുത്തിയതിൽ ചിലത് മാത്രം.
എടവനക്കാടിന്റെ വടക്കേ അറ്റത്തുള്ള കണ്ടത്തിപറമ്പ് വീടിന്റെ പുരപ്പുറത്താണ് സംഘം ആദ്യം പ്രവർത്തിച്ചിരുന്നതായി പറയുന്നത്. പിന്നീട് വാടക കെട്ടിടങ്ങളിലേക്ക് ഓഫീസ് പ്രവർത്തനം മാറി. എടവനക്കാട് ഹൈസ്കൂൾ സ്റ്റോപ്പിലാണ് ഇപ്പോൾ ഹെഡ് ഓഫീസിന്റെ പ്രവർത്തനം .മൂന്ന് ബ്രാഞ്ചുകളുമുണ്ട്. അത്യാധുനിക ബാങ്കിങ് സംവിധാനങ്ങൾ നിലവിലുണ്ട്. സുനാമി ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച എടവനക്കാടിന് സഹായവുമായി ആദ്യം ഓടിയെത്തിയത് ബാങ്കാണ്. ഇങ്ങനെ ഏത് ഘട്ടത്തിലും ബാങ്ക് ഒപ്പമുണ്ടെന്നും ഇനിയുമുണ്ടാകുമെന്ന ഉറപ്പാണ് ഇപ്പോഴത്തെ പ്രസിഡന്റ് ടി.എ ജോസഫും സെക്രട്ടറി റസീനയും നയിക്കുന്ന ഭരണസമിതി നാടിന് നൽകുന്നത്. എടവനക്കാട്  സർവീസ് സഹകരണ ബാങ്ക് വെട്ടിയ പാതയിലൂടെ ഇന്ന് ആയിരക്കണക്കിന്  സഹകരണ സ്ഥാപനങ്ങളാണ് നാടിന്   വെളിച്ചം പകർന്നു കൊണ്ട് മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുന്നത്.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here