കണ്ടല്ലൂര്‍ സഹകരണ ബാങ്ക്: ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്

കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ സ്വര്‍ണപ്പണയ വായ്പ ഉൾപ്പെടെ വിവിധ ഇനങ്ങളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത് ശരിവച്ച് സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. അനധികൃത ഇടപാടുകള്‍ വഴി ബാങ്കിനുണ്ടായ 49 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഭരണസമിതി അംഗങ്ങളടക്കമുളള ഉത്തരവാദികളില്‍നിന്ന് 18 ശതമാനം പലിശ സഹിതം ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. 
സ്വര്‍ണപ്പണയ വായ്പയില്‍ ക്രമക്കേട് നടന്നതായുള്ള ഇടപാടുകരാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പണയ ഉരുപ്പടികള്‍ തിരികെയെടുത്തതായി കള്ള ഒപ്പിട്ട് വ്യാജ രേഖകളുണ്ടാക്കി, പലിശ ഇളവ് നല്‍കിയതായി രേഖ ചമച്ചു, തുടങ്ങിയവയായിരുന്നു പരാതികള്‍. സ്വര്‍ണപ്പണയ വായ്പയില്‍ നിയമപരമായി ഈടാക്കേണ്ട പലിശ ഈടാക്കിയില്ല, പിഴ‌പ്പലിശ ഒഴിവാക്കി, വായ്പയ്ക്ക് ഈടായി വച്ചിരുന്ന ഉരുപ്പടികള്‍ നിയമ വിരുദ്ധമായി ലേലം ചെയ്യുകയും വില്‍പന നടത്തുകയും ചെയ്തു, ബാങ്കിന്‍റെ കംപ്യൂട്ടര്‍ സോഫ്റ്റ് വെയറില്‍ പലിശ നിരക്ക് തിരുത്തി എന്നിങ്ങനെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ ഉരുപ്പടികള്‍ തിരികെ എടുക്കാന്‍ വന്നപ്പോള്‍ നേരത്തേ വാങ്ങിയെടുത്തതായ വ്യാജരേഖ കാണിച്ചുവെന്ന ഇടപാടുകാരുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. പണയം വച്ച ഉരുപ്പടികള്‍ തരം തിരിച്ചത് പ്രസിഡന്റിന്‍റെ സാന്നിധ്യത്തിലാണ്. എന്നാല്‍ സെക്രട്ടറിയുടെ തലയില്‍ വച്ച് കയ്യൊഴിയുകയാണ് പ്രസിഡന്റ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ലേലം ചെയ്ത ഉരുപ്പടികളുടെ എണ്ണം ഒരു ലിസ്റ്റില്‍ 433 എന്നും മറ്റൊന്നില്‍ 34 എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലേലത്തില്‍ പങ്കെടുത്തവരുടെ പട്ടികയില്‍, ഇല്ലാത്ത സ്വര്‍ണം നല്‍കിയതായും കണ്ടെത്തി.
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here