കോവിഡ് വ്യാപനം: സഹകരണ ബാങ്ക് വഴിയുള്ള സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം വെല്ലുവിളി ഉയർത്തുന്നു
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സഹകരണ ബാങ്കുകളുടെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം വെല്ലുവിളിയാവുന്നു. സഹകരണബാങ്കിലെ ജീവനക്കാർ വഴി വിതരണം ചെയ്തിരുന്ന പെൻഷൻ ഗുണഭോക്താക്കളുടെ വീട്ടിലെത്തിയാണ് നൽകുന്നത്. വൃദ്ധജനങ്ങൾക്കും രോഗികളായവർക്കും ഏറെ ഗുണകരമായിരുന്ന പെൻഷൻ വിതരണം സഹകരണ ബാങ്കുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഏറെ ജനസമ്മിതിയും നേടിക്കൊടുത്തിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ വീട്ടിലെത്തിയുള്ള സുരക്ഷാ പെൻഷൻ വിതരണം, വിതരണം ചെയ്യുന്ന ബാങ്ക് ജീവനക്കാർക്കും സ്വീകരിക്കുന്ന പ്രായമായവർക്കും ഒരുപോലെ കടുത്ത ആരോഗ്യ പ്രശ്നമായി മാറുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
കഴിഞ്ഞ കോവിഡ് കാലത്ത് പെൻഷൻ വിതരണം മുടങ്ങാതിരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. സഹകരണബാങ്കുകളിലൂടെയുള്ള പെൻഷൻ വിതരണത്തിനു മാത്രം 62 കോടിയിലധികം രൂപയാണ് ഇൻസെൻറിവ് ആയി വകയിരുത്തിയിരുന്നത്.എന്നാൽ ഇത്തവണ നിരവധി ജീവനക്കാർ കോവിഡ് ബാധിതരാവുകയും പലരും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നത് ജീവനക്കാർക്കിടയിൽ പരക്കെ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് അനുഭവങ്ങൾ പങ്കുവെച്ചുള്ള വേദനാജനകമായ കുറിപ്പുകൾ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ചർച്ചയുമാണിപ്പോൾ. താങ്ങാനാവാത്ത ആശുപത്രി ചെലവ് കാരണം വീട്ടിലേക്ക് തിരിച്ചുപോയവരുടെ അനുഭവങ്ങളും ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വാക്സിൻ നൽകുന്നതിൽ കാണിച്ച മുൻഗണന പൊതു സമൂഹവുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന സഹകരണ ജീവനക്കാർക്കും നൽകണമെന്ന ആവശ്യവും ശക്തമാണ്.
അത്യാവശ്യ കാര്യങ്ങൾക്ക് പെൻഷനെ ആശ്രയിച്ചു കഴിയുന്നവർക്ക് പെൻഷൻ വൈകുന്നതും കിട്ടാതെ വരുന്നതും ബുദ്ധിമുട്ടാകുമെന്നതും പ്രശ്നത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.
പെൻഷനൊപ്പം രോഗവും നൽകുന്നതിലും നല്ലത് കുറച്ചു സാവകാശം നൽകുന്നതാണെന്നും ഈ രംഗത്തെ പലർക്കും അഭിപ്രായമുണ്ട്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment