കുടിശ്ശിക വായ്പകൾക്ക് എത്ര കരുതൽ? 2025-26 ഓഡിറ്റിലെ മാനദണ്ഡങ്ങൾ അറിയാം

 

ശ്യാം സരസ്വതി

തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷത്തെ ഓഡിറ്റുമായി ബന്ധപ്പെട്ട് കുടിശ്ശിക വായ്പകൾക്ക് കരുതൽ (Provision) സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു. വസ്തു പണയ വായ്പകൾ, ആൾജാമ്യ വായ്പകൾ, ചില പ്രത്യേക വിഭാഗങ്ങളിലെ കുടിശ്ശികകൾ, കുടിശ്ശിക പലിശ എന്നിവയ്ക്ക് വ്യത്യസ്ത നിരക്കുകളിലാണ് കരുതൽ കണക്കാക്കേണ്ടത്.

വസ്തു പണയ വായ്പകൾക്ക് മൂന്ന് വർഷത്തിൽ താഴെ കുടിശ്ശികയുള്ള വായ്പകൾക്ക് കരുതൽ ആവശ്യമില്ല. മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ കുടിശ്ശികയുള്ള വായ്പകൾക്ക് കുടിശ്ശിക തുകയുടെ 30 ശതമാനം കരുതൽ വേണം. പത്ത് വർഷത്തിന് മുകളിൽ കുടിശ്ശികയുള്ള വായ്പകൾക്ക് 100 ശതമാനം കരുതൽ സൃഷ്ടിക്കണം.

ഉദാഹരണത്തിന്, ₹12 ലക്ഷം വായ്പയിൽ മാസം ₹10,000 വീതം 35 മാസത്തെ തവണകൾ കുടിശ്ശികയായാൽ, കുടിശ്ശിക തുക ₹3.50 ലക്ഷമായിരിക്കും. മൂന്ന് വർഷത്തിൽ താഴെയാണ് കുടിശ്ശികയെന്നതിനാൽ കരുതൽ ആവശ്യമില്ല. എന്നാൽ 110 മാസത്തെ തവണകൾ കുടിശ്ശികയായാൽ ₹11 ലക്ഷം കുടിശ്ശിക തുകയ്ക്ക് 30 ശതമാനം നിരക്കിൽ ₹3.30 ലക്ഷം കരുതൽ വേണം. 10 വർഷത്തിന് മുകളിൽ കുടിശ്ശികയുള്ള സാഹചര്യത്തിൽ കുടിശ്ശിക തുകയ്ക്ക് 100 ശതമാനം കരുതൽ വേണം.

ആൾജാമ്യ വായ്പകൾക്ക് ഒരു വർഷത്തിൽ താഴെ കുടിശ്ശികയുള്ളവയ്ക്ക് കരുതൽ ആവശ്യമില്ല. ഒരു വർഷം മുതൽ മൂന്ന് വർഷം വരെ കുടിശ്ശികയുള്ള വായ്പകൾക്ക് 7.50 ശതമാനം, മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ കുടിശ്ശികയുള്ളവയ്ക്ക് 80 ശതമാനം, പത്ത് വർഷത്തിന് മുകളിൽ കുടിശ്ശികയുള്ളവയ്ക്ക് 100 ശതമാനം എന്നിങ്ങനെയാണ് കരുതൽ നിരക്ക്.

അതേസമയം, ചില പ്രത്യേക വിഭാഗങ്ങളിലെ കുടിശ്ശിക വായ്പകൾക്ക് കരുതൽ മാറ്റിവെക്കേണ്ടതില്ല. സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച കൺസോർഷ്യത്തിലേക്ക് സംഘങ്ങൾ അടച്ച തുക, വിവിധ കടാശ്വാസ കമ്മീഷനുകളുടെ അവാർഡ് പ്രകാരം സർക്കാരിൽ നിന്ന് ലഭിക്കാനുള്ള തുകയും സംഘം ഇളവ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ള തുകയും, ഉത്തേജന പലിശ ഇളവ് പദ്ധതിയിൽ ഉൾപ്പെടുത്തി പലിശ ഇളവിനായി ജോയിന്റ് രജിസ്ട്രാർ ശുപാർശ ചെയ്തിട്ടുള്ള തുകയും ഇതിൽ ഉൾപ്പെടും.

കുടിശ്ശിക പലിശയ്ക്കും പ്രത്യേക വ്യവസ്ഥയുണ്ട്. 2025-26 വർഷത്തിന്റെ അവസാനത്തെ മൂന്ന് മാസത്തെ എല്ലാ വായ്പകളുടെയും കുടിശ്ശിക പലിശയ്ക്ക് കരുതൽ സൃഷ്ടിക്കുന്നതിൽ നിന്ന് ഒഴിവ് നൽകണം. ഇതിന് പുറമെയുള്ള മുഴുവൻ കുടിശ്ശിക പലിശയ്ക്കും 100 ശതമാനം കരുതൽ സൃഷ്ടിക്കണം.

ഓഡിറ്റിൽ വായ്പകളുടെ കുടിശ്ശിക കാലയളവും വായ്പയുടെ സ്വഭാവവും കൃത്യമായി പരിഗണിച്ചായിരിക്കും കരുതൽ തുക കണക്കാക്കുക.
 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here