സ്വർണം മാത്രമല്ല, ഇനി വെള്ളിയും പണയം വെക്കാം
സ്വർണാഭരണങ്ങൾ പണയം വെച്ച് വായ്പ എടുക്കുന്നതു പോലെ ഇനി വെള്ളിയും പണയം വെക്കാം. റിസർവ് ബാങ്കിൻ്റെ 2025 ലെ സ്വർണം, വെള്ളി വായ്പാ ചട്ടപ്രകാരമാണ് ഇത്. ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങൾ ധനകാര്യസ്ഥാപനങ്ങൾ 2026 ഏപ്രിൽ ഒന്നിനകം പാലിക്കണമെന്ന് റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുണ്ട്.
നിലവിൽ ചില ധനകാര്യ സ്ഥാപനങ്ങൾ മാത്രമാണ് വെള്ളി ഈടായി വാങ്ങി വായ്പ കൊടുക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളി പണയ വായ്പ അത്ര ജനകീയം അല്ല. എന്നാൽ ഇനിമുതൽ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി വെള്ളി പണയം വെച്ച് ലോൺ എടുക്കാനാകും.
ചില സഹകരണ ബാങ്കുകൾ, പ്രാദേശിക ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ ചുരുക്കം ചില സ്ഥാപനങ്ങളാണ് ഇതുവരെ വെള്ളി പണയത്തിന്മേൽ വായ്പ കൊടുത്തിരുന്നത്. എന്നാൽ റിസർവ് ബാങ്കിൻ്റെ 2025 ലെ സ്വർണം, വെള്ളി വായ്പ ചട്ടപ്രകാരം ഇനി മുതൽ വെള്ളി ഈടായി സ്വീകരിച്ചും ബാങ്കുകൾക്ക് ഉൾപ്പെടെ വായ്പ വിതരണം ചെയ്യാം. കഴിഞ്ഞ ഏതാനും മാസങ്ങളായി വെള്ളിയുടെ വില റെക്കോർഡ് തകർത്ത് ഉയർന്നതും ഒട്ടേറെപ്പേർ വെള്ളിയും വൻ തോതിൽ നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നതും ആണ് പ്രസക്തി വർദ്ധിപ്പിച്ചത്.
എന്നാൽ, വെള്ളി ആഭരണങ്ങളും വെള്ളി നാണയങ്ങളും മാത്രമേ ഇടായി സ്വീകരിക്കൂ. വെള്ളിക്കട്ടികൾ, വെള്ളി ഇ ടി എഫ്, വെള്ളി കേന്ദ്രീകൃത മ്യൂച്ചൽ ഫണ്ട് എന്നിവ ഈടുവയ്ക്കാൻ ആവില്ല. മാത്രമല്ല, വെള്ളി ഏതു രൂപത്തിലായാലും വാങ്ങാൻ വേണ്ടി ഒരു ധനകാര്യ സ്ഥാപനവും വായ്പ അനുവദിക്കില്ല. എന്നാൽ വ്യാവസായിക ആവശ്യത്തിന് വെള്ളി അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ല.
പരമാവധി 10 കിലോയോളം വെള്ളി മാത്രമേ ഈടായി സ്വീകരിക്കൂ. സ്വർണ്ണത്തിന് ഇത് ഒരു കിലോഗ്രാം ആണ്. ഈട് വയ്ക്കുന്നത് വെള്ളിനാണയങ്ങൾ ആണെങ്കിൽ പരമാവധി 500 ഗ്രാം മാത്രമേ സ്വീകരിക്കൂ. സ്വർണത്തിൻ്റെ കാര്യത്തിൽ ഈ പരിധി 50 ഗ്രാം വരെയാണ്.
വെള്ളിക്കും ലോൺ ടു വാല്യു ബാധകമാണ്. രണ്ടരലക്ഷം രൂപ വരെയുള്ള വെള്ളി പണയ വായ്പയാണ് തേടുന്നതെങ്കിൽ പണയം വെക്കുന്ന വെള്ളിയുടെ 85% വരെ തുക വായ്പയായി നേടാം. രണ്ടര ലക്ഷത്തിന് മുകളിൽ 5 ലക്ഷം വരെയാണ് വായ്പ എങ്കിൽ ലഭിക്കുന്നത് പണയ വെള്ളിയുടെ 80% വരെയാണ്. 5 ലക്ഷത്തിന് മുകളിലെ വായ്പകൾക്ക് ഇത് 75 ശതമാനമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment