ഇനി കുട്ടികള്‍ക്കും യുപിഐ പേയ്‌മെന്റ് നടത്താം: അറിയാം ഇക്കാര്യങ്ങള്‍
ഡിജിറ്റല്‍ ലോകത്ത്, യുപിഐ പേയ്‌മെന്റുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇന്ന് കടകളില്‍ നിന്നും സാധനം വാങ്ങുന്നത് മുതല്‍ ഓണ്‍ലൈന്‍ ബില്ലുകള്‍ അടയ്ക്കുന്നത് വരെ മിക്കവരും യുപിഐ പേയ്‌മെന്റ് സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ഇതുവരെ കുട്ടികള്‍ക്ക് യുപിഐ പേയ്‌മെന്റ് നടത്താന്‍ സാധിച്ചിരുന്നില്ല. കുട്ടികള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടോ യുപിഐ ഐഡിയോ ഇല്ലാത്തതിനാലാണ് അവര്‍ക്ക് ഇത് സാധ്യമാകാതിരുന്നത്. ഇപ്പോഴിതാ ഈ പ്രശ്‌നത്തിന് പരിഹാരവുമായാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) 'യുപിഐ സര്‍ക്കിള്‍' എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
എന്താണ് യുപിഐ സര്‍ക്കിള്‍?
യുപിഐ സര്‍ക്കിള്‍ എന്നത് ഒരു പ്രധാന ഉപയോക്താവിന് അതായത് പ്രാഥമിക ഉപയോക്താവിന് അവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച്, മറ്റൊരു ഉപയോക്താവിന് (ദ്വിതീയ ഉപയോക്താവ്) യുപിഐ ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കുന്ന സംവിധാനമാണ്.
ഈ സംവിധാനം വഴി, പ്രായമായവര്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും വേഗത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും. പ്രധാന ഉപയോക്താവിന് നടത്തുന്ന ഇടപാടുകളില്‍ ഒരു പരിധി നിശ്ചയിക്കാനും അത് സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും കഴിയും.
യുപിഐ സര്‍ക്കിള്‍ പ്രധാനമായും രണ്ട് ഉപയോക്താക്കള്‍ക്കാണ് ഉപയോഗിക്കാനാവുക. പ്രധാന ഉപയോക്താവ് അഥവാ പ്രാഥമിക ഉപയോക്താവ് (പ്രധാന ഉപയോക്താവിന് സ്വന്തമായി ബാങ്ക് അക്കൗണ്ടും യുപിഐ ഐഡിയുമുണ്ടാകും ),
ദ്വിതീയ ഉപയോക്താവ് അഥവാ സെക്കന്‍ഡറി യൂസര്‍ (ബാങ്ക് അക്കൗണ്ട് ഇല്ലാത്തയാള്‍ )
എന്നിവര്‍ക്കാണ് യുപിഐ സര്‍ക്കിള്‍ സേവനം ലഭിക്കുന്നത്.
പ്രധാന ഉപയോക്താവ് അവരുടെ യുപിഐ ആപ്പില്‍, യുപിഐ സര്‍ക്കിള്‍ തിരഞ്ഞെടുത്ത് ദ്വിതീയ ഉപയോക്താവിനെ ചേര്‍ക്കാനാകും. ഇത് അവരുടെ യുപിഐ ഐഡി ഉപയോഗിച്ചോ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ചെയ്യാവുന്നതാണ്.
ദ്വിതീയ ഉപയോക്താവിനെ ചേര്‍ത്ത ശേഷം, പ്രധാന ' ഉപയോക്താവിന് രണ്ട് തരം അധികാരപ്പെടുത്തലുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
പൂര്‍ണ്ണമായ അധികാരപ്പെടുത്തല്‍: ഈ രീതിയില്‍, പ്രധാന ഉപയോക്താവ് ഒരു നിശ്ചിത പ്രതിമാസ പരിധി നിശ്ചയിക്കുന്നു. ഈ പരിധിക്കുള്ളില്‍ ദ്വിതീയ ഉപയോക്താവിന് ഇടപാടുകള്‍ നടത്താനാകും. ഓരോ ഇടപാടിനും 5,000 രൂപ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ഓരോ തവണയും ഇടപാടുകള്‍ നടത്തുന്നതിന് പ്രധാന ഉപയോക്താവിന്റെ അംഗീകാരം ആവശ്യമില്ല.
ഭാഗികമായ അധികാരപ്പെടുത്തല്‍: രീതിയില്‍, ദ്വിതീയ ഉപയോക്താവ് ഓരോ ഇടപാട് നടത്തുമ്പോഴും പ്രധാന ഉപയോക്താവിന്റെ അംഗീകാരം ആവശ്യമാണ്. പ്രധാന ഉപയോക്താവ് അവരുടെ യുപിഐ പിന്‍ നല്‍കിയാല്‍ മാത്രമേ ആ ഇടപാട് പൂര്‍ത്തിയാകൂ. പുതിയതായി ഒരു ദ്വിതീയ ഉപയോക്താവിനെ ചേര്‍ക്കുമ്പോള്‍ ആദ്യത്തെ 24 മണിക്കൂറില്‍ ഒരു ഇടപാടിന് 5,000 രൂപ മാത്രമായിരിക്കും പരിധി. ഒരു പ്രധാന ഉപയോക്താവിന് പരമാവധി അഞ്ച് ദ്വിതീയ ഉപയോക്താക്കളെ വരെ ചേര്‍ക്കാനും സാധിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment