60 വർഷത്തെ സൈക്കിൾ യജ്ഞവുമായി പ്രസിഡന്റ് പൗലോസേട്ടൻ

സൈക്കിൾ ആണോ പൗലോസേട്ടനാണോ ആദ്യം ഉണ്ടായത് എന്ന് ചോദിച്ചാൽ മഞ്ഞപ്രയിലെ ന്യൂ ജെൻ പിള്ളേർക്ക് കൺഫ്യുഷൻ ആകും.കാരണം അവർ കാണുന്ന കാലത്തേ പൗലോസേട്ടൻ സൈക്കിളിലാണ്.അവർക്കു മുൻപുള്ള തലമുറക്കും സൈക്കിളില്ലാതെ  പൗലോസേട്ടനെ സങ്കല്പിക്കാനേ ആവില്ല.1981 മുതൽ 85 വരെയുള്ള കാലത്ത് പഞ്ചായത്ത് പ്രസിഡൻറ് ആയപ്പോഴും സൈക്കിളിൽ നിന്നിറങ്ങിയിട്ടില്ല. ആ കാലത്ത് സൈക്കിൾ സർവ്വസാധാരണമായിരുന്നു എന്നത് യാഥാർഥ്യം. കൂടെ സൈക്കിളിൽ ഉണ്ടായിരുന്നവർ ബൈക്കിലേക്കും കാറിലേക്കും മാറിയപ്പോഴും പൗലോസേട്ടൻ സൈക്കിൾ ചവിട്ട് തുടർന്നു. 1988 ലാണ്  മഞ്ഞപ്ര സർവീസ് കോ -ഓപ്പറേറ്റീവ് ബാങ്കിന്റെ  പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത്  ഭരണ ചക്രം ചവിട്ടാൻ തുടങ്ങി യത്. ഒപ്പം സൈക്കിൾ ചവിട്ടും തുടർന്നു.  നീണ്ട 34 വർഷമായി ബാങ്കിന്റെ പ്രസിഡൻറ് സ്ഥാനത്ത് തുടരുകയാണ്  75 കാരനായ  പൗലോസേട്ടൻ. ബാങ്ക് പ്രസിഡൻറ് അല്ല ഇനി ഇന്ത്യൻ പ്രസിഡൻറ് ആയാലും സൈക്കിളിലേ പോകു അതാണ് പൗലോസിന്റെ സുവിശേഷം. ഇക്കാലത്തിനിടയിൽ  പ്രഷറില്ല, ഷുഗറില്ല , കൊളസ്‌ട്രോളില്ല ,മുട്ടു വേദനയില്ല എല്ലാത്തിനുമുള്ള ഒറ്റമൂലിയാണ് സൈക്കിൾ. പൗലോസേട്ടനിൽ നിന്നും പ്രോചോദനമുൾക്കൊണ്ട്‌ നാട്ടിൽ ഇരുപതോളം പേർ സൈക്കിൾ ചികിത്സ നടത്തി രോഗ ശമനം കൈവരിച്ചിട്ടുണ്ട്. സദ്യക്കു പോയാൽ ഒന്നിൽ  കൂടുതൽ സസ്യേതര വിഭവങ്ങളുണ്ടെങ്കിൽ ഏതെങ്കിലും ഒന്ന് മാത്രം കഴിക്കുക ,എന്തും അളവ് കുറച്ചു കഴിക്കുക, ഒരു ഭക്ഷണത്തിനും വിലക്കേർപ്പെടുത്താതിരിക്കുക ഇതൊക്കെയാണ് പൗലോസേട്ടന്റെ  ആരോഗ്യ നിയമങ്ങൾ. മഞ്ഞപ്രയുടെ വീഥിയിലൂടെ സൈക്കിളിൽ പോകുന്ന പൗലോസേട്ടനെ തഴുകാൻ വരുന്ന കാറ്റിനുമുണ്ട് ഒരു പൗലോസ് ടച്ച്. മഞ്ഞപ്ര  പഞ്ചായത്തിലെ 4,000 വീടുകളിലും  ബാങ്കിന്റ നേതൃത്വത്തിൽ  നട്ട   ഫല വൃക്ഷത്തൈകൾക്ക് ഇവിടുത്തെ   കാറ്റിനെ സ്വാധീനിക്കാനാവും എന്നാർക്കാണ് അറിയാത്തത്. ഈ ആശയത്തിന് വിത്ത് വിതച്ച് സൈക്കിളിൽ പായുന്ന പൗലോസേട്ടനെ തഴുകാൻ കാറ്റിന്  പ്രത്യേക ഇഷ്ടമാണ്.
 





















0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here